കാലത്തിന് മുൻപേ കഥ പറഞ്ഞ് കാലം തെറ്റി ഇറങ്ങി പലതും പറയ്യാതെ പറയുകയും പറഞ്ഞതിനേക്കാൾ കൂടുതൽ ചിന്തിപ്പിക്കുകയും ചെയ്ത മലയാളത്തിലെ ഓസ്കാർ സ്പർശമേറ്റ ദൃശ്യവിസ്മയമായിരുന്നു ഗുരു.
ബാഹുബലി, വീരം എന്നീ സിനിമകളെ പോലെ കോടികളുടെ പിൻബലത്തിൽ ഗ്രാഫിക്സിന്റെ അനന്ത സാധ്യതകൾ ഉപയോഗപെടുത്തി ഒരു ബ്രഹമാണ്ഡ ചിത്രമായി ഇപ്പോഴാണ് ഈ ചിത്രം ക്യാമറയിൽ പകർത്തുന്നതെങ്കിൽ ഹോളിവുഡ് പോലും ഗുരുവിന് മുൻപിൽ പകച്ച് നിൽക്കുമായിരുന്നു. മാത്രവുംമല്ല മലയാള സിനിമ ഗുരുവിന് മുൻപും ഗുരുവിന് ശേഷവും എന്ന നിലയിൽ സിനിമ ചരിത്രത്തിൽ രേഖപെടുത്തിയേനെ.
"നാളെ നമ്മുടെ നാട്ടിൽ സംഭവികാവുന്ന ഒരു മഹാദുരന്തം ഒഴിവാക്കാൻ മനുഷ്യ മന:സാക്ഷിക്കു നേരെ പിടിക്കുന്ന ഒരു കണ്ണാടിയാണ് ഈ ചിത്രം " എന്ന തലക്കെട്ടൊട് കൂടി തുടങ്ങുന്ന സിനിമ ഇന്ന് നടക്കുന്ന സമകാലീന സാമൂഹിക വിഷയങ്ങളിലേക്കുള്ള വിരൽ ചൂണ്ടലാണ്. ഈ സിനിമയ്ക്ക് ശേഷം കേരളത്തിന് അകത്തും പുറത്തും നടന്നതും, നടന്ന് കൊണ്ടിരിക്കുന്നതുംമായ ചില പ്രശ്നങ്ങളുടെ കാതലായ തുടക്കം അന്വേഷിക്കുന്നവർക്ക് ഈ ചിത്രത്തിന്റെ പ്രസക്തി പെട്ടന്ന് മനസിലാവും.
ഗുരു പറയുന്ന #മതവുംരാഷ്ട്രീയവും പ്രസക്തമാണ്. മുൻധാരണകളെ മാറ്റിനിർത്തി ജനിച്ച കുഞ്ഞിന്റെ മനസുമായി നിങ്ങളുടെ കണ്ണും കാതും തുറന്ന് ഒരിക്കൽ കൂടി ഈ സിനിമയെ സമീപിച്ചാൽ നമ്മളിൽ പലരും ഒന്നാം പകുതിയിലെ രഘുരാമന്റെ പ്രതിരൂപങ്ങളാണെന്ന സത്യം നാം സ്വയം തിരിച്ചറിയും. ആ തിരിച്ചറിവാണ് ഈ സിനിമയുടെ വിജയം.
#മതമാകുന്ന മതിൽ കെട്ടിനുള്ളിലെ ഇലാമപ്പഴം കഴിച്ച് നമ്മുടെ കാഴച്ചയെ നമ്മൾ ഇല്ലാതാക്കിയിരിക്കുകയാണ് .അത് കൊണ്ട് തന്നെ മനോഹരമായ ഈ ലോകത്തെ പലരുടെയും സ്നേഹവും നന്മയും നമുക്ക് കാണാന്‍ സാധിക്കാതെ പോവുന്നു.
എന്നാൽ നമ്മുടെ കാഴ്ച്ച നഷ്ട്ടപെടുത്തിയ അതേ ഇലാമാ പഴത്തിൽ തന്നെ അന്ധത മാറുവാനുള്ള വിത്ത് ഉണ്ട് എന്നത് മറ്റൊരു സത്യം.
പേര് കൊണ്ട് മാത്രം ആരും ഒരു മതത്തിന്റെയും ഭാഗമാവുന്നില്ല. അത് പോലെ തന്നെ ബൈബിൾ വായിച്ചത് കൊണ്ട് ക്രിസ്ത്യനൊ വേദം വായിച്ചത് കൊണ്ട് ഹൈന്ദവനൊ ഖുർആൻ വായിച്ചത് കൊണ്ട് മുസ്സൽമാനും ആവുന്നില്ല. മത ഗ്രന്ഥങ്ങളുടെ സത്തയും കാമ്പും ഉൾകൊണ്ട് അത് ജീവിതത്തിന്റെ ഭാഗമാവുംമ്പോൾ മാത്രമാണ് ഒരാൾ യഥാർത്ഥ വിശ്വാസിയാവുന്നത്. ഇതിന് ശ്രമികാത്തവർ വെറും നാമധാരികൾ മാത്രമാണ്.
മതഗ്രന്ഥങ്ങൾ മനുഷ്യനന്മയാണ് വിളംബരം ചെയ്യുന്നത്. മാനവികമൂല്യങ്ങള്‍ക്കാണ് അത് പ്രധാന്യം നല്‍കുന്നത്.
മതനിര്‍ദ്ദേശങ്ങളിലെവിടെയും ആർക്കും ദോഷകരമായ യാതൊന്നുംമില്ല.
ഭൂമിയിൽ സ്നേഹം, ശാന്തി, സമാധാനം. എന്നിവക്ക് വേണ്ടി നിലകൊള്ളുന്ന യഥാർത്ഥ മത വിശ്വാസത്തെ തിരിച്ചറിയുന്നവരുടെ എണ്ണം കുറവാണ് എന്നത് സത്യവും ഖേദകരവുംമാണ്.
അത് തിരിച്ചറിഞ്ഞാൽ തീരാവുന്ന പ്രശ്നമേ നമ്മുക്കിവിടെയുള്ളു.
സിനിമയിലെ വളിക്കോട് ഗ്രാമം നമ്മുടെ ഇന്നലകളുടെ പ്രതീകമാണ് ആ ഇന്നെലകളുടെ മേൽ കരിനിഴൽ വീണ് തുടങ്ങിയിരിക്കുകയാണിപ്പോൾ.
വ്യത്യസ്ത വിശ്വാസങ്ങൾ മുറുകെ പിടിക്കുന്നവർ പരസ്പരം സഹായസഹകരണത്തോടെയും ഐക്യത്തോടെയും ജീവിക്കുന്ന ഗ്രാമത്തിലേക്ക് രാഷ്ട്രീയത്തിന്റെ സ്വാർത ലക്ഷ്യങ്ങള്‍ളുംമായി ചില ദുഷ്ട ശക്തികൾ കടന്ന് വരുന്നു. അവർ അതിന് വേണ്ടി മതത്തെ ആയുധമാക്കാന്‍ തീരുമാനിക്കുന്നു.
ഇത് തന്നെയാണ് വർത്തമാന സാഹചര്യത്തിൽ സംഭവിക്കുന്നത്.
സ്വന്തം സഹപാഠിയുടെ നിസ്കാര തൊപ്പി തലയിൽ വെച്ച് അമ്പലത്തിൽ തൊഴുന്ന കുട്ടിയെ കാണുംമ്പോഴുണ്ടാക്കുന്ന തെറ്റിധാരണ. ആ ഒരു നിസാര തെറ്റിധാരണ മരചുവട്ടിലിരുന്ന് ചർച്ച ചെയ്യുന്ന നാട്ടുകാർ. ആ നാട്ടുകാരെ നമുക്കിന്ന് ഫേസ് ബുക്കിലൂടെ വർഗീയ പോസ്റ്റിട്ട് അതിന് അടിയിൽ ചർച്ച ചെയുന്നവരായി കാണാൻ സാധിക്കും.
ഈ ചെറിയ പ്രശ്നത്തെ വേമ്പനാടന്‍ എന്ന രാഷ്ട്രീയ നേതാവ് രാഷ്ട്രീയനേട്ടത്തിനായി ഊതിപ്പെരുപ്പിച്ച് ഗ്രാമത്തില്‍ അങ്ങിങ്ങായി കലാപങ്ങള്‍ സൃഷ്ട്ടിയ്ക്കുന്നു. വേമ്പനാടൻ എന്ന രാഷ്ട്രീയ നേതാകൻമാരും അത്തരം പാർട്ടികളും നമ്മുക്കിടയിൽ ഉണ്ട്.
"ബ്രാഹ്മണനാണെങ്കിലും തനിക്കൊരു മനുഷ്യനായാല്‍ മതി" എന്ന് അച്ഛനോട് കയര്‍ത്തിരുന്ന രഘുരാമന് കലാപത്തിൽ സ്വന്തം അച്ഛനേയും ഉറ്റവരേയും നഷ്ട്ടമാക്കുന്നു. തന്റെ അച്ഛനേയും ഉറ്റവരേയും നഷ്ട്ടപെടുത്തിയത് ഇതര മതസ്ഥരാണെന്ന തെറ്റിധാരണ രഘുരാമനെ തീവ്രമായ മനോഭാവത്തിലേക്കും മതഭ്രാന്തിലേക്കും അത് വഴി മറ്റൊരു കലാപത്തിന് നേതൃത്വം നൽകുവാനും ചിന്തിപ്പിക്കുന്നു. അധികാരമെന്ന അപ്പക്കഷ്ണത്തിന് വേണ്ടി ജനങ്ങൾക്കിടയിൽ തെറ്റിധാരണകൾ പരത്തുകയും അത് ഊതിപ്പെരുപിച്ച് കൊലപാതകങ്ങൾക്കും അക്രമങ്ങൾക്കും വഴിയൊരുക്കുകയാണ് കപട രാഷ്ട്രീയ ചെന്നായകൾ
സത്യത്തിൽ മതമല്ല മറിച്ച് ഒരു കൂട്ടം #രാഷ്ട്രീയദുഷ്ട ശക്തികളുടെ ഇടപെടലുകളാണ് നമ്മളെ കണ്ണ് കാണാത്തവരാക്കിയത് അവർക്ക് വേണ്ടി ചില സമുദായ നേതാക്കൻമാർ ഇലാമ പഴത്തിന്റെ മധുരത്തെ വർണ്ണിച്ച് നമ്മളിലേക്ക് വെച്ചു നീട്ടി നമ്മുടെ അന്ധതയുടെ ആഴം കൂട്ടിയെന്നത് മറ്റൊരു സത്യം.
മതിലിനപ്പുറം നില്‍ക്കുന്ന ഒരാളെ എന്ത് കൊണ്ട് കാഴ്ചയുള്ളവന് കാണാന്‍ സാധിക്കുന്നില്ല എന്ന് രാജാവ് രഘുരാമനോട് സിനിമയിൽ ചോദിക്കുന്നുണ്ട്. അതിനുത്തരമായി രഘുരാമന്‍ പറയുന്നത് അവിടെ ഒരു മതിലുണ്ട്, ആ മതില് കാരണം കാഴ്ച്ചയുണ്ടായിട്ടും തനിക്കു കാണാന്‍ സാധിക്കുന്നില്ല എന്നാണു.
രാജാവ് വീണ്ടും ചോദിക്കുന്നു.
" എന്താണ് ഈ മതില്‍? "
ഇതേ ചോദ്യമാണ് നമ്മള്‍ സ്വയം ചോദിക്കേണ്ടത്....
എവിടെയാണ് നമുക്കിടയില്‍ മതില്‍ ?
ആരാണ് ആ മതില്‍ കെട്ടിയത് ? സത്യത്തില്‍ എന്തിനാണീ മതില്‍ ?
ഈ ചോദ്യങ്ങള്‍ക്ക് നാം ഓരോരുത്തരും സ്വയം ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു.
യഥാർത്ഥ മതത്തെ അറിയാൻ ശ്രമിക്കുന്ന ഒരാളുടെയും ഉത്തരം "മതം" എന്നതാവില്ല എന്ന് എനിക്കുറപ്പുണ്ട്.
താൽകാലിക ലാഭത്തിന് വേണ്ടി മതങ്ങളെ ഉപയോഗിക്കുന്ന രാഷ്ട്രീയ നേതാക്കളും അവരുടെ പാർട്ടികളുംമാണ് നമുക്കിടയിൽ മതിൽ തീർക്കുന്നതെന്ന് ഞാൻ പറയും. ഭൂരിപക്ഷമെന്നും ന്യൂനപക്ഷമെന്നും പറഞ്ഞ് സമൂഹത്തിൽ ധ്രൂവികരണം നടത്തി മതിൽ കെട്ടുകയാണ് ഇവിടെ രാഷ്ട്രീയ പാർട്ടികൾ ചെയ്യുന്നത് . പ്രസംഗപീഠത്തിന് മുൻപിൽ മാത്രമാണ് ഇന്ന് മതേതരത്വവും ജനാധിപത്യവും കേൾക്കുന്നതും കാണുന്നതും.
സിനിമയിലെ അന്ധത ബാധിച്ച താഴ് വരയിൽ കാഴ്ച്ചയെന്ന സത്യത്തെ കുറിച്ച് പറയുന്ന രഘുരാമനെ എല്ലാവരും ഒറ്റപെടുത്തുന്നത് കാണാൻ കഴിയും. ഇത് തന്നെയാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ ആശയ വ്യതിചലനത്തെയും നേതക്കൻമാരുടെ ഫാഷിസ്റ്റ് നയങ്ങളെയും ചോദ്യം ചെയ്യുന്ന രഘുരാമൻമാരോടുള്ള നേതാക്കൻമാരുടെ സമീപനം. സത്യം വിളിച്ച് പറയുന്ന രഘുരാമൻമാരെ ചാപ്പ കുത്തി മാറ്റി നിർത്തുകയും ചിലപ്പൊ ഒരു രാഷ്ട്രീയ കൊലപാതകത്തിലൂടെ ഈ ലോകത്ത് നിന്ന് തന്നെ പറഞ്ഞ് വിടുകയുംമാണ് സമകാലീന രാഷ്ട്രീയ പാർട്ടികളിലെ മേലാളൻമാർ ചെയുന്നത്.
ഒരു കാലത്ത് മഹാത്മാ ഗാന്ധി നേതൃത്വം നൽകിയ പ്രസ്ഥാനത്തിൽ ഇന്ന് എവിടെയാണ് #ഗാന്ധിയൻആദർശങ്ങൾ ?
ജന്മിമാരാൽ അടിച്ചമർത്തപ്പെട്ട കർഷകനും തൊഴിലാളിയ്ക്കും വേണ്ടി പടുത്തുയർത്തിയ പ്രസ്ഥാനത്തിന്റ നേതൃത്വം ഇന്ന് കയ്യാളുന്നത് #മാടമ്പിമാരുംബൂർഷകളുംമാണ്.
ന്യൂനപക്ഷ സംരക്ഷകരെന്നും സമുദായ സംരക്ഷകരെന്നും പറഞ്ഞ് വോട്ട് വാങ്ങിയവർ സമുദായത്തെ അധികാരത്തിന് വേണ്ടി രണ്ടും മൂന്നുംമായി #വിഭജിക്കുന്നു.
ഹൈന്ദവ സംസ്കാര സംരക്ഷകരെന്ന് മുറവിളി കൂട്ടുന്നവർക്ക് ലോക സമസ്ത സുഖിനോ ഭവന്തു എന്ന ഹൈന്ദവ വേദവാക്യത്തിന്റെ അർഥം പോലും അറിയാതെ #പേക്കൂത്ത്പുലമ്പി നടക്കുന്നു.
ഇവിടെ പരസ്പരം പോരടിച്ച് ആരോപണ പ്രത്യാരോപണങ്ങൾ നടത്തുന്ന നേതാകൻമാരുടെ പാർട്ടി കേരളത്തിന് പുറത്ത് അധികാര സഫലീകരണത്തിന് വേണ്ടി അവിശുദ്ധ കൂട്ട് കെട്ടുകൾ പട്ത്തുയർത്തുന്നു. ഈ നാറിയ കൂട്ട് കെട്ടിനെതിരെ ശബ്ദമുയർത്താൻ ഇവിടെത്തെ പാർട്ടി അണികൾക്ക് ചങ്കുറ്റവുംമില്ല.
അതിന് കാരണം രാഷ്ട്രീയ തിമിരം ബാധിച്ച് അവർ അടിമയായിരിക്കുന്നു. അടിമ ഒരിക്കലും യജമാനൻമാരെ ചോദ്യം ചെയ്യാറി്ലല്ലൊ?.
നാട് നന്നാകാൻ എന്നു പറഞ്ഞിറങ്ങുന്നവരുടെ മേൽ ജനങ്ങൾക്കുള്ള ധാരണയും വിശ്വാസവുമാണ് ആദ്യം തിരുത്തപെടേണ്ടത്.
കാലകാലങ്ങളായി രാഷ്ട്രീയ നേതൃത്വം ആവർത്തിച്ച് വന്ന തെറ്റുകളിലൂടെ സ്വയം തിരിച്ചറിവ് നഷ്ട്ടപ്പെട്ട് പോയ രാഷ്ട്രീയ അണികളാണ് ഇന്ന് ഇവിടെയുള്ളത്
രാഷ്ട്രീയ അടിമത്വം കൊണ്ട് അന്ധരായി മാറിയ രാഷ്ട്രീയ അണികൾ രാജ്യ നന്മയ്കായി പുതിയൊരു രാഷ്ട്രീയ കാഴ്ച്ചപാട് സ്വീകരിച്ച് നവലോകാരവം ഉയർത്തേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം നാട് കുരുതി കളമായി മാറും എന്നതിൽ സംശയമില്ല
സത്യത്തെ അന്വേഷിക്കുക..... മനസിലാക്കുക.....അതിനു നമ്മള്‍ ശ്രമിക്കാത്തിടത്തോളം കാലം മതങ്ങളും രാഷ്ട്രീയവും നമുക്ക് എന്നും ഇലാമാ പഴം തന്നെയാകും. പക്ഷെ അതേ ഇലാമ പഴത്തിനുള്ളിലെ വിത്താണ് നമ്മുടെ മനസ്സിൽ ഇരുട്ട് കൊണ്ട് നിറച്ച കറുപ്പ് മാറ്റി നമ്മുക്ക് വെളിച്ചം നൽകേണ്ടതെന്ന് മനസിലാക്കുക.
അടിക്കുറിപ്പ്.
..................................................................
പറഞ്ഞതിൽ എന്തെങ്കിലും യാഥാർത്യം ഉണ്ടെന്ന് തോന്നിയാൽ മാത്രം ഉൾകൊള്ളുക.അല്ലെങ്കിൽ അർഹിക്കുന്ന അവജ്ഞതയോടെ ഇത് തളളികളയുക.
by .
ameer raha.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ